പത്തനംതിട്ട: കളക്ഷന്‍ ഏജന്റായ യുവതിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്നെന്ന് പരാതി. അടൂര്‍ മുണ്ടപ്പളളിയിലാണ് സംഭവം. പണം തട്ടിയെടുത്തതിനു പുറമെ യുവതിയെ പെട്രോള്‍ ഒഴിച്ച് തീവയ്ക്കാനും സംഘം ശ്രമിച്ചെന്ന് പരാതിയുണ്ട്.
ആക്രമണത്തിനിരയായ ചാരുംമൂട് സ്വദേശി അശ്വതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിണങ്ങിക്കഴിയുന്ന ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇരയായ യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമം.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വായ്പ വീടുകളിലെത്തി പിരിച്ചെടുക്കുന്ന ജോലിയാണ് അശ്വതിക്ക്. വ്യാഴാഴ്ച ദിവസങ്ങളില്‍ ഇവര്‍ മുണ്ടപ്പള്ളി മേഖലയിലാണ് കളക്ഷന്‍ ജോലിക്ക് പോകുന്നത്. ഇക്കാര്യം അറിയാവുന്ന ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പം ഈ പ്രദേശത്ത് എത്തി കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
ആളൊഴിഞ്ഞ പ്രദേശത്ത് റോഡിന്റെ സൈഡില്‍വച്ച് വൈകുന്നേരം ആറരയ്ക്കായിരുന്നു ആക്രമണം. പണവും രണ്ട് മൊബൈല്‍ഫോണുകളും ബാഗിലുണ്ടായിരുന്നു. സ്‌കൂട്ടറില്‍ ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ഭര്‍ത്താവ് കൃഷ്ണകുമാറും കൂട്ടുകാരും ചേര്‍ന്ന് വാഹനത്തിന് നേരെ ചാടി നിലത്ത് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിന് ശേഷം സമീപത്തെ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിടെ കരുതിയിരുന്ന കുപ്പിയിലെ പെട്രോള്‍ ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു. ബാങ്കിലെ കളക്ഷന്‍ തുകയായി ഒന്നേമുക്കാല്‍ ലക്ഷം രൂപ പ്രതികള്‍ കവര്‍ന്നുവെന്നു പരാതിക്കാരി പറയുന്നു.
അശ്വതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. മൂന്ന് ഇരുചക്രവാഹനങ്ങളിലായി ആറ് പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം സംഘത്തിലുണ്ടായിരുന്ന സഹോദരിയുടെ മകന്‍ അഖില്‍, കൃഷ്ണകുമാറിന്റെ സുഹൃത്ത് രാജേഷ് എന്നിവരെ തനിക്ക് അറിയാമെന്ന് അശ്വതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇരുവരും പിണങ്ങി മാറി താമസിക്കുകയാണ്. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ചില ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കൃഷ്ണകുമാറിനും മറ്റ് രണ്ട് സഹോദരങ്ങള്‍ക്കുമെതിരെ അശ്വതി നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികള്‍ ഉച്ചസമയം മുതല്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നുവെന്നും ഗ്രാമപഞ്ചായത്ത് അംഗവും സമീപവാസിയുമായി മുണ്ടപ്പള്ളി സുഭാഷ് പോലീസിനോട് പറഞ്ഞു. ക്രൂരമായ മര്‍ദ്ദനമായിരുന്നു യുവതിക്ക് നേരിടേണ്ടി വന്നതെന്നും സുഭാഷ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.