കോട്ടയം: തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്നീ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റുകൾ മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ തിരുത്തലുകൾ വരുത്താനും ആക്ഷേപങ്ങൾ നൽകാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള
അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസു പൂർത്തീകരിക്കുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം.
മുൻകൂർ അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.