തേനി: ഇടുക്കിയിലെ പലചരക്ക് കടകളിലേക്ക് കടത്താന്‍ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്നാട് സിവില്‍ സപ്ലൈസ് വകുപ്പ് പിടികൂടി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം നടത്തിയ വാഹന പരിശോധനയാലാണ് റേഷനരി പിടികൂടിയത്.
ജീപ്പ് ഓടിച്ചിരുന്ന ബോഡിനായ്ക്കന്നൂര്‍ സ്വദേശി വനരാജിനെ അറസ്റ്റു ചെയ്തു. ഇടുക്കിയിലെ പലചരക്ക് കടകളിലേക്കാണ് അരി കൊണ്ടു പോകുന്നതെന്ന് ഇയാളാണ് മൊഴി നല്‍കിയത്. അരി എവിടെ നിന്നാണ് സംഭരിച്ചതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് നാല്‍പ്പതു കിലോ അരിയാണ് തമിഴ്നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡുടമക്ക് മാസം തോറും സൗജന്യമായി നല്‍കുന്നത്. ഇതില്‍ റേഷന്‍ കടക്കാര് ഇടനിലക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്കുന്ന റേഷനരിയാണ് അതിര്‍ത്തി കടന്നെത്തുന്നത്.
ഓണക്കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിലും സംസ്ഥാനത്തെ വന്‍കിട മില്ലുകളിലും ഇതെത്തുന്നുണ്ടെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക സ്ക്വാഡുകളോടെ പരിശോധന കര്‍ശനമാക്കാന്‍ തേനി ജില്ല റവന്യൂ ഓഫീസര്‍ നിര്‍ദ്ദേശം നല്കി.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് റേഷനരിയുമായി വന്ന ജീപ്പ് പിടികൂടിയത്. ബോഡിനായ്ക്കന്നൂര്‍ -ബോഡിമെട്ട് പാതയില്‍ മുന്തല്‍ ചെക്പോസ്റ്റിനു സമീപത്തായിരുന്നു പരിശോധന. അന്‍പതു കിലോ വീതമുള്ള അന്‍പതു ചാക്ക് അരിയാണ് കസ്റ്റഡിയില്‍ എടുത്തത്.