KeralaNEWS

പോലീസും സര്‍ക്കാരും നിഷ്‌ക്രിയം, സംരക്ഷണം വേണം; വിഴിഞ്ഞം സമരത്തിനെതിരേ അദാനി ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരേ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിര്‍മ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പൊലീസും ഭരണകൂടവും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് ഹര്‍ജി.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംരക്ഷണം തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. സംരക്ഷണം തേടി കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ്ങും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Signature-ad

അതിനിടെ സമരത്തില്‍ മുഖ്യമന്ത്രിയുമായി ലത്തീന്‍ അതിരൂപതാ അധികൃതര്‍ ഇന്ന് വൈകിട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. മുമ്പ് ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ അതും പരാജയപ്പെട്ടതോടെ പത്തുദിവസമായി തുടരുന്ന സമരം നീളും.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് ഇന്നും മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചെത്തിയിരുന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മല്‍സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധത്തിനെത്തിയത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ട്, പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇവരെ മറികടന്നാണ് പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിയത്. പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

Back to top button
error: