KeralaNEWS

വിഴിഞ്ഞം സമരം: തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി; ചര്‍ച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീന്‍ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.

ക്ലിഫ് ഹൗസില്‍ വൈകുന്നേരം മൂന്ന് മണിക്ക് നടന്ന ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് പങ്കെടുത്തത്. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതും പരാജയപ്പെട്ടതോടെ സമരം തുടരാനാണ് സാധ്യത.

Signature-ad

അതേസമയം പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

Back to top button
error: