തുംകൂരു: കര്‍ണാടകയിലെ തുംകൂരുവില്‍ വാന്‍ ട്രെക്കുമായി കൂട്ടിയിടിച്ച് ഒന്‍പതുമരണം. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ മരിച്ചത്. പരുക്കേറ്റ 13 പേര്‍ ആശുപത്രിയിലാണ്. ദേശീയപാതയില്‍ കളംബെല്ലയ്ക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ഷഹപൂര്‍വാദ് അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
യാത്രക്കാര്‍ സഞ്ചരിച്ച വാനില്‍ 24 പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎന്‍ആര്‍എഫില്‍ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹയം പ്രഖ്യാപിച്ചു.
ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ചതായും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും തുംകുരു ജില്ലയുടെ ചുമതലയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.