IndiaNEWS

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ വിട്ടയച്ച നടപടിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരേ സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

പ്രതികളെ വിട്ടയച്ചതില്‍ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയില്‍ മോചിതരാക്കിയതില്‍ ചട്ടലംഘനം ഉണ്ടായെന്ന് പറയുന്നില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യം ചെയതവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ജയില്‍ മോചിതരായ പതിനൊന്ന് പ്രതികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

Signature-ad

2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2004 ഓഗസ്റ്റില്‍ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. കേസില്‍ 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച പ്രതികള്‍ മോചിതരായത്.

ഇതിനെതിരേ സിപിഎം നേതാവ് സുഭാഷിണി അലി, ലോക്സഭാംഗം മഹുവ മൊയിത്ര, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പതിനാല് പേരെ കൊല്ലുകയും ഗര്‍ഭിണിയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പതിനൊന്ന് പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാ ഇളവ് റാദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ശിക്ഷ ഇളവിനുള്ള ആനുകൂല്യം കുറ്റവാളികള്‍ക്ക് ഇല്ലെന്നാണോ ഹര്‍ജിക്കാരുടെ നിലപാടെന്ന് കോടതി ആരാഞ്ഞു.

എന്നാല്‍, ഈ കുറ്റവാളികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ ഇളവ് നല്‍കിയത് കോടതി പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്‍കാന്‍ സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

Back to top button
error: