അദാനി തിരിച്ചു പോകുകയും വിഴിഞ്ഞം തുറമുഖനിർമാണം നിർത്തി വയ്ക്കുകയും ചെയ്തില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം അതിരൂപത വ്യക്തമാക്കി. തുറമുഖ മന്ത്രി ഒരു വിഡ്ഢിയാണ്. മന്ത്രിയുടെ പ്രസംഗം നുണയാണ്. അദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണം. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന തുറമുഖ നിർമാണം നിർത്താതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
മുഖ്യമന്ത്രിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
“മത്സ്യത്തൊഴിലാളികളോട് കടയ്ക്ക് പുറത്ത് എന്ന് പറയരുത്. നികൃഷ്ടജീവി പ്രയോഗം നടത്തുന്ന ഇരട്ടച്ചങ്കന്റെ അഭ്യാസം ഒന്നും ഈ ചങ്കന്മാരുടെ അടുത്ത് ചിലവാകില്ല. മത്സ്യത്തൊഴിലാളികളാണിത്. ഈ സമരം വിജയിച്ചാലേ ഞങ്ങൾ അടങ്ങൂ. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരേക്ക് മടക്കി അയക്കേണ്ടി വന്നാലും ജയിച്ചേ അടങ്ങൂ”
ഫാദര് ഡിക്രൂസ് പ്രതികരിച്ചു.
ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണം തടയാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട്. നിലവിലെ സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മത്സ്യത്തൊഴിലാളികൾ മാത്രമാണ് പങ്കെടുക്കുന്നതെന്നു പറയാനാകില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കുന്ന വലിയ പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികളുടെ കാര്യം വരുമ്പോൾ സ്വാഭാവികമായ ആശങ്കകൾ ഉയരുന്നു. അതിന് ആക്കം കൂട്ടാൻ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കരുത്. പദ്ധതികൾ നടപ്പാക്കാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്തംഭനാവസ്ഥയിൽ നിർത്തുന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.