തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ തള്ള മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
വാണിജ്യ മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാകും. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സമരക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ലെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു. പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .തീരശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. 3000 ത്തോളം വീടുകള്‍ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത് . 4 വര്‍ഷമായി മത്സ്യ തൊഴിലാളികള്‍ സിമന്റ് ഗോഡൗണില്‍ കഴിയുന്നു എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.