തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ആള് പിടിയില്‍.
അമൃത്സര്‍ സ്വദേശി സച്ചിന് ദാസാണ് അറസ്റ്റിലായത്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടാന്‍ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണെന്ന പോലീസ് കണ്ടെത്തലിനെ തുടർന്നായിരുന്നു അന്വേഷണവും അറസ്റ്റും.
2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബില്‍ നിന്നു വാങ്ങിയ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇതെന്നു കണ്ടെത്തിയിരുന്നു. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസ്.