CrimeNEWS

പണയസ്വര്‍ണമെന്ന് പറഞ്ഞ് ജുവലറിയുടമയ്ക്ക് മുക്കുപണ്ടം നല്‍കി മൂന്നുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍; പിടിയിലായ പ്രതിയെക്കണ്ട് ഞെട്ടി ഉടമ!

അടിമാലി: മുക്കുപണ്ടം നല്‍കി ജുവലറി ഉടമയില്‍നിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അടിമാലി മുനിത്തണ്ട് അമ്പാട്ടുകുടി ജിബി കുര്യാക്കോസാ (41) ണ് പിടിയിലായത്. കൃഷ്ണ ജുവലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയകേസിലാണ് അറസ്റ്റ്. കേസിലെ കൂട്ടുപ്രതികളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തും ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ജൂെലെ ഒന്നിനായിരുന്നു അതിവിദഗ്ധമായ തട്ടിപ്പ് അരങ്ങേറിയത്. ജുവലറിയുടമയെ ഫോണില്‍ വിളിച്ച ജിബി, ആനച്ചാല്‍ കാര്‍ഷിക വികസന ബാങ്കില്‍ ജോസുകുട്ടി എന്നയാള്‍ 108 ഗ്രാം സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ ഇത് എടുത്ത് നല്‍കാമെന്നും അറിയിച്ചു.

Signature-ad

പലവട്ടം അഭ്യര്‍ഥിച്ചതോടെ ജുവലറിയുടമ ജീവനക്കാരെ പണവുമായി ബാങ്കിലേക്കയച്ചു. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ ബാങ്ക് കെട്ടിടത്തിനു താഴെ നിന്നിരുന്ന ജിബിയും സംഘവും ജീവനക്കാര്‍ എത്താന്‍ വൈകിയെന്നും അതിനാല്‍ തങ്ങള്‍ പണയം എടുത്തെന്നും ധരിപ്പിച്ചു. മൂന്നു മാലകളടങ്ങിയ 916 കാരറ്റ് എന്നു രേഖപ്പെടുത്തിയ കവര്‍ നല്‍കിയശേഷം ജിബിയുടെ കൂട്ടാളികള്‍ പണം വാങ്ങി. തുടര്‍ന്ന് പ്രതികള്‍തന്നെ ഓട്ടോ വിളിച്ചുവരുത്തി ജീവനക്കാരെ കയറ്റിവിട്ടു. 2,90,000 രൂപയുടെ പണയ തുകയും 10,000 രൂപ പലിശയുമെന്ന് രേഖപ്പെടുത്തിയ പണയ കവറും ഇവര്‍ കൊടുത്തയച്ചു. കടയിലെത്തിയ ശേഷം ഫോണില്‍ വിളിച്ചെങ്കിലും പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സംശയം തോന്നി ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം മൂന്നാറിലെ സി.സി.ടിവിയില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. തുടര്‍ന്ന് ആനച്ചാലില്‍നിന്ന് ജിബിയെ പിടികൂടുകയായിരുന്നു. അതേസമയം ഇന്നലെ തെളിവെടുപ്പിനായി പോലീസ് എത്തിച്ച പ്രതിയെക്കണ്ട് ജുവലറിയുടമ ഞെട്ടി. ഏറെക്കാലം തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ പരിചയക്കാരായി നിന്നയാളായിരുന്നു പ്രതി. പിന്നീടാണ് ജിബി ഗള്‍ഫിന് പോയത്. വിദേശത്തുനിന്ന് പിന്നീട് തിരിച്ചെത്തിയ ജിബി കാലടി, കട്ടപ്പന തുടങ്ങി വിവിധ ഭാഗങ്ങളില്‍ ചീട്ടുകളി കേന്ദ്രങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിടെ വച്ചാണ് ഒട്ടനവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ നൗഷാദിനെ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ബി.യു കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം എ.എസ്.പി: രാജ്പ്രസാദിന്റെ നേതൃത്വത്തില്‍ വെള്ളത്തൂവല്‍ സി.ഐ: ആര്‍ കുമാര്‍, എസ്.ഐ: സജി എന്‍ പോള്‍, എ.എസ്.ഐമാരായ ബിന്‍സ് തോമസ്, കെ.എല്‍. സിബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബിന്‍ ജെയിംസ്, ആര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ജിബിയെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കു മാറ്റി.

Back to top button
error: