സുഹൃത്തിനെ മര്‍ദ്ദിച്ച് കോമയിലാക്കിയ യുവാക്കള്‍ക്ക് 10 വര്‍ഷത്തിന് ശേഷം തടവ് ശിക്ഷ
ബാംഗ്ലൂര്‍: സുഹൃത്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുഹൃത്തുക്കള്‍ക്ക് 10 വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. അസം സ്വദേശി ശശാങ്ക് ദാസ്, ഒഡിഷ സ്വദേശി ജിതേന്ദ്രകുമാര്‍ സാഹു എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ശശാങ്ക് ദാസ് ഡല്‍ഹിയിലെ സ്വകാര്യ ബാങ്കിലും, ജിതേന്ദ്രകുമാര്‍ ബാംഗ്ലൂരിലെ ഐ.ടി കമ്പിനിയിലെയും ഉദ്യോഗസ്ഥനുമായിരുന്നു. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ശശാങ്ക് ദാസിന്റെ കോളജിലെ സഹപാഠിയായ സൗവിക് ചാറ്റര്‍ജിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കോളജില്‍ ഇരുവരുടേയും സുഹൃത്തായ പെണ്‍കുട്ടിയോടുള്ള പ്രണയമായിരുന്നു കൊലപാതകശ്രമത്തിന് പിന്നിലെ കാരണം. സൗവിക്കിന്റെ വനിതാ സുഹൃത്തിനോട് ശശാങ്കിന് പ്രണയം തോന്നുകയും എന്നാല്‍ പെണ്‍കുട്ടിയും സൗവിക്കും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെ വരികയും ചെയ്തതോടെ ശശാങ്ക് ഇരുവരേയും പറ്റി മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ സൗവിക്ക് ശശാങ്കുമായുള്ള സൗഹൃദം അവസാനിപ്പിച്ചു
2010 ഡിസംബര്‍ ആറാം തീയതി സൗവിക്കിന്റെ വാടക വീട്ടിലെത്തിയ ശശാങ്ക് ചെയ്തു പോയ കാര്യങ്ങളില്‍ ക്ഷമ ചോദിച്ചു. തുടര്‍ന്ന് ഇരുവരും ടെസിലേക്ക് പോവുകയായിരുന്നു. ടെറസിലെത്തിയ ശശാങ്കിന്റെ സുഹൃത്തുക്കളായ ജിതേന്ദ്രകുമാറും മറ്റ് രണ്ടു പേരും ചേര്‍ന്ന് സൗവിക്കിനെ മര്‍ദ്ദിക്കുകയും ടെറസില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൗവിക് രണ്ട് മാസത്തോളം ആശുപത്രിയിലായിരുന്നു. ബോധം നഷ്ടപ്പെട്ട് കോമയിലായിരുന്ന സൗവിക് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരുപാട് സമയമെടുത്തു. 2011 ഓഗസ്റ്റിലാണ് സൗവിക് അല്‍പ്പമെങ്കിലും ഓര്‍മ്മ തിരിച്ചു കിട്ടുന്ന അവസ്ഥയിലെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2012 ല്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം കോടതിയില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ചെയ്ത തെറ്റിന് കൃത്യമായ ശിക്ഷ പ്രതികള്‍ക്ക് ലഭിച്ചു.