മൂഴിയാർ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ കക്കി അണക്കെട്ട് നാളെവൈകുന്നേരമോ മറ്റെന്നളെയോ തുറക്കുവാൻ സാധ്യത
കക്കി അണക്കെട്ടിൽ നിലവിലെ അപ്പർ റൂൾ കർവ് പ്രകാരം ഒക്ടോബർ 20വരെ 978.83 മീറ്റർ വരെ ജലം സംഭരിക്കാം. ജലനിരപ്പ് ഇന്നലെ രാത്രി 10മണിയോടെ 978.33മീറ്റർ എത്തിയതിനെത്തുടർന്ന് കെ എസ് ഇ ബി റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ ലഭിക്കുന്ന ജലപ്രവാഹത്തിന്റെ തോത് അനുസരിച് അടുത്ത 32മണിക്കൂറിനുള്ളിൽ അപ്പർ റൂൾ കർവ് ലെവലിൽ എത്താൻ സാധ്യതയുണ്ട്.
സ്ഥിതിഗതി നേരിടുന്നതിനായി കെ എസ് ഇ ബിയുടെ സാങ്കേതിക വിഭാഗം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
അപകടനില കവിഞ്ഞാൽ സ്പിൽവേ നേരിയ തോതിൽ തുറന്നു 25കുമക്സ് വെള്ളം ഒഴുക്കിവിടുകയാവും ചെയ്യുക. കക്കി അണക്കെട്ടിന്റെ സ്പിൽവേ സ്ഥിതിചെയ്യുന്ന ആനത്തോട് ഡാമിൽ നിന്നും വെള്ളം പുറത്തേക്കു ഒഴുക്കിയാൽ 3മണിക്കൂറിനുശേഷമാകും വെള്ളം ത്രിവേണിയിലെത്തുക.
അതെ സമയം കാലാവസ്ഥ പ്രവചനപ്രകാരം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നേരിയതോതിലുള്ള മഴയെ ഉണ്ടാകുകയുള്ളൂ. ആയതിനാൽ നദിയിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുവാൻ സാധ്യതയില്ല. കക്കി അണക്കെട്ട് തുറക്കുക വഴി പമ്പ നദിയിലെ ജലനിരപ്പ് 15സെന്റിമീറ്റർ മാത്രമേ ഉയരുകയുള്ളൂ. എന്നിരുന്നാലും വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിക്കുമെന്നതിനാൽ, നദിയിൽ കുളിക്കുന്നതും, തുണി കഴുകുന്നതും, മീൻ പിടിക്കുന്നതും കഴിവതും ഒഴിവാക്കേണ്ടതാണ്.