CrimeNEWS

ലഹരി വിതരണം സ്‌കൂട്ടറില്‍ സഞ്ചരിച്ച്; ഗള്‍ഫിലിരുന്ന് ‘ബോസ്’ കാര്യങ്ങള്‍ നിയന്ത്രിക്കു

കോഴിക്കോട്: രാജ്യാന്തര ലഹരിമരുന്ന് മാഫിയയിലെ കണ്ണിയായ ഷക്കീല്‍ ഹര്‍ഷാദ് (34) പൊലീസിന്റെ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ലഹരിമരുന്ന് വില്‍പനയുടെ പുതിയ രീതിയാണ് പൊലീസ് വെളിച്ചത്തുകൊണ്ടുവന്നത്. കരിപ്പൂര്‍ മുതല്‍ കൊയിലാണ്ടിവരെയുള്ള മേഖലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ലഹരി വില്‍പന നടത്തുകയാണ് ഹര്‍ഷാദിന്റെ ചുമതല. ഈ പ്രദേശത്തിനിടയ്ക്ക് ദിവസവും ഒന്നരലക്ഷം രൂപയുടെ ലഹരിമരുന്ന് കച്ചവടം നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.

ഗള്‍ഫിലെ സംഘത്തലവന്റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് വിതരണം നിയന്ത്രിക്കുന്നത്. കോഴിക്കോട് മേഖലയില്‍ ഒരാള്‍ക്ക് ലഹരിമരുന്ന് എത്തിക്കാന്‍ പരസ്പരം തിരിച്ചറിയാത്ത മൂന്നുപേരെയാണ് ഉപയോഗിച്ചിരുന്നത്. ലഹരിമരുന്ന് ആവശ്യമുള്ളയാള്‍ നാട്ടിലെ ഏജന്റിനെയാണ് ബന്ധപ്പെടുക. ഇയാള്‍ ആവശ്യക്കാരന് ഗള്‍ഫിലുള്ള ‘ബോസി’ന്റെ നമ്പര്‍ കൈമാറും. ഈ നമ്പറിലേക്ക് വിളിച്ചശേഷം താന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍, സഞ്ചരിക്കുന്ന വാഹനത്തിനൊപ്പമുള്ള സെല്‍ഫി, കൈമാറാനുള്ള പണം എന്നിവ വാട്‌സാപ് വഴി അയച്ചുകൊടുക്കണം. ഏതാനും സമയത്തിനകം ലഹരിമരുന്ന് ശൃംഖലയിലെ രണ്ടാമത്തെയാള്‍ ഇതുവഴിയെത്തി വാട്‌സാപ്പിലയച്ച വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കും. ഇയാള്‍ തിരിച്ചുചെന്ന് ഗള്‍ഫിലെ ‘ബോസി’നെ സ്ഥിരീകരണം അറിയിക്കും. തുടര്‍ന്ന് ഗള്‍ഫില്‍നിന്നു ‘ബോസ്’ വിതരണക്കാരനെ വിളിച്ച് സാധനമെത്തിച്ചുകൊടുക്കാന്‍ നിര്‍ദേശം നല്‍കും.

Signature-ad

ഇയാള്‍ തന്റെ സ്‌കൂട്ടറിലെത്തി ലഹരിമരുന്ന് നല്‍കുകയും പണം വാങ്ങുകയുമാണ് ചെയ്തിരുന്നത്. ശൃംഖലയില്‍പ്പെട്ട മൂന്നുപേര്‍ ഒരേ ജോലിയാണ് ചെയ്യുന്നതെന്ന് പരസ്പരം അറിയുകയുമില്ല. പൊലീസിനു വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടാതിരിക്കാന്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഡന്‍സാഫിന്റെ നേതൃത്വത്തില്‍ 47 കിലോഗ്രാം കഞ്ചാവ്, അരക്കിലോ എംഡിഎംഎ, 50 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

മുതലക്കുളത്ത് ബുധനാഴ്ച രാത്രി നടന്ന വാഹനപരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദ് (34) പൊലീസിന്റെ പിടിയിലായത്. രാത്രി നടത്തിയ വാഹനപരിശോധനയിലും തുടര്‍ന്ന് ഇയാളുടെ രഹസ്യതാവളത്തില്‍ നടത്തിയ റെയ്ഡിലുമായി 212 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുമടക്കം കോടികള്‍ വിലയുള്ള വിവിധതരം ലഹരിമരുന്നുകളാണ് പിടികൂടിയത്. രാജ്യാന്തര ഫോണ്‍കോള്‍ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖലയാണ് ലഹരിമരുന്നിന്റെ വിതരണത്തിന് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു.

രാത്രി പരിശോധനയ്ക്കിടെ ഹര്‍ഷാദിന്റെ വാഹനത്തില്‍നിന്ന് 112 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ രഹസ്യ താവളത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നിന്റെ ‘സൂപ്പര്‍മാര്‍ക്കറ്റ്’ ആണ് കണ്ടെത്തിയത്. 100 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹഷീഷ് ഓയിലും, 170 എക്സ്റ്റസി ടാബ്ലറ്റുകളും 345 എല്‍എസ്ഡി സ്റ്റാമ്പുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബുകളും കണ്ടെടുത്തു. വില്‍പന നടത്തിക്കിട്ടിയ 33,000 രൂപയും പിടികൂടി. പിടികൂടിയ 212 ഗ്രാം എംഡിഎംഎയ്ക്ക് മാത്രം 7,42,000 രൂപ വിലയുണ്ട്. എല്‍എസ്ഡി സ്റ്റാംപുകളുടെ മൂല്യം കണക്കാക്കി വരികയാണ്.

Back to top button
error: