CrimeNEWS

ഏഴാം ക്ലാസുകാരെന റാഗ് ചെയ്‌തെന്ന് പരാതി; കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാമോ ? എന്ന് ചോദിച്ച കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അസഭ്യം പറഞ്ഞെന്ന്

തൃശ്ശൂര്‍: വിദ്യാര്‍ത്ഥിക്ക് റാഗിംഗ് നേരിട്ടത് അന്വേഷിക്കാന്‍ സ്‌കൂളില്‍ എത്തിയ കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അസഭ്യം പറഞ്ഞ് അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ മാളയിലെ ഡോ.രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനെതിരെ ആണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ചെയര്‍മാന്‍ രാജു ഡേവിസ് ആരോപണം നിഷേധിച്ചു.

സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹോസ്റ്റലില്‍ വച്ച് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ ചെയര്‍മാന്‍ അപമര്യാദായി പെരുമാറിയതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധു അമ്പിളി പറഞ്ഞു. ഈ മാസം പതിമൂന്നിനായിരുന്നു സംഭവം. മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ആണ് സീനിയര്‍ വിദ്യാര്‍ഥി റാഗ് ചെയ്തത്. രക്ഷിതാക്കളും ബന്ധുവും സ്‌കൂളിലെത്തിയപ്പോള്‍ ഇക്കാര്യം കുട്ടി പറഞ്ഞു.

എന്നാല്‍ റാഗിംഗ് വിവരമറിഞ്ഞിട്ടും സംഭവം ഒതുക്കുകയായിരുന്നു സ്‌കൂള്‍ അധികൃതരെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ സ്‌കൂള്‍ ചെയര്‍മാന്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് ബന്ധു അമ്പിളി പറഞ്ഞു. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കാമോ എന്ന് ചോദിച്ചതാണ് ചെയര്‍മാനെ പ്രകോപിപ്പിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. മാള പൊലീസില്‍ രക്ഷിതാക്കള്‍ പരാതിയും നല്‍കി. അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: