കൊച്ചി: കെ.എസ്.ആര്‍.ടി.സി. ശമ്പളവിഷയത്തില്‍ മാനേജ്‌മെന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കാടതി. ശമ്പളം കൊടുക്കാതെ സ്ഥാപനത്തിന് എത്രനാള്‍ മുന്നോട്ടുപോകാനാവുമെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റ് 10നകം ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവ് എന്തുകൊണ്ടാണ് പാലിയ്ക്കാത്തതെന്നും കോടതി ചോദിച്ചു.
ജൂണിലെ ശമ്പളം കൊടുെത്തന്നും ജൂലൈയിലെ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായം കൂടിയേതീരുവെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയില്‍ വ്യക്തമാക്കി. ഇതിന് മറുപടിയായി സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കുമോയെന്ന് കോടതി ചോദിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിയ്ക്ക് ഒരു മന്ത്രിയുണ്ടോയെന്നും ചോദ്യമുന്നയിച്ചു. പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാനാവുമെന്ന് കോടതിക്കും രൂപമില്ലെന്നു കോടതി വ്യക്തമാക്കി.
ആസ്തികള്‍ വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിയ്ക്കണമെന്നും കോടതി പറഞ്ഞു. ശമ്പളം നല്‍കിയിട്ടുമതി 12 മണിക്കൂര്‍ ജോലിയടക്കം ജീവനക്കാരുടെ മേല്‍ കൂടുതല്‍ വൃവസ്ഥകള്‍ കൊണ്ടുവരുന്നതെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചാല്‍ നടപ്പിലാകും. പ്രതിസന്ധി പരിഹരിച്ച് സര്‍ക്കാര്‍ ക്രെഡിറ്റ് എടുത്തുകൊള്ളൂവെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ശമ്പളം സമയബന്ധിതമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.