KeralaNEWS

”ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല”; സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ കോടതിയുടെ വിചിത്ര ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം

കോഴിക്കോട്: പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ വ്യാപക വിമര്‍ശനം.

ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് വിവാദമായത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നായിരുന്നു ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലെ വിവാദ പരാമര്‍ശം.

Signature-ad

ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2020 ഫെബ്രുവരി 8 -ന് കൊയിലാണ്ടിയിലെ നന്തി ബീച്ചിനടുത്തുള്ള ‘കടല്‍ വീട്’ എന്നയിടത്തില്‍ സംഘടിപ്പിച്ച ക്യാംപിന് ശേഷം സിവിക്ക് ചന്ദ്രന്‍ കയ്യില്‍ കയറി പിടിക്കുകയും ബലമായി മടിയില്‍ കിടത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നത്. അധ്യാപികയായ ദലിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിവിക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ഓഗസ്റ്റ് 12ന് ആണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശം.

കോടതിയുടെ ഈനിരീക്ഷണങ്ങള്‍ക്കെതിരേ വിവിധ മേഖലകളില്‍നിന്നും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ പ്രതികരിച്ചു. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ചു കൊണ്ടോ ഉത്തരവ് നല്‍കുവാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതയുടെ മേല്‍വിലാസം അടക്കമുള്ളവ വെളിപ്പെടുത്താനോ, ആക്ഷേപകരമായി പരാമര്‍ശിക്കാനോ ഈ അധികാരം വിനിയോഗിക്കപ്പെടുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്ന് ലോയേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ ഏതോ ഫോട്ടോ വച്ച് അതിജീവിതയെ സ്വഭാവഹത്യ നടത്തും വിധം ഉള്ള പരാമര്‍ശങ്ങള്‍ ഒരു കോടതി ഉത്തരവില്‍ ഇടം പിടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണ രീതി കുറ്റ കൃത്യത്തിനുള്ള പ്രകോപനവും ന്യായീകരണവുമല്ല. മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ഉത്തരവ് നല്‍കുന്നത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ലാഘവ ബുദ്ധിയോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടിക്ക് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

കോടതി ഉത്തരവിനെ വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയും രംഗത്തെത്തി. കോടതി പരാമര്‍ശം ആശങ്കയുണ്ടാക്കുന്നതാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സതീദേവി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

 

 

 

Back to top button
error: