തിരുവനന്തപുരം: മുട്ടത്തറയില്‍ കോര്‍പ്പറേഷന്‍ മാലിന്യ കേന്ദ്രത്തില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍നിന്നാണ് രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്. പ്ലാന്റിലെ തൊഴിലാളികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റില്‍ തിങ്കളാഴ്ച വൈകിട്ടോടെ കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍.
വലിയതുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കാലുകള്‍ പോലീസ് കിണറ്റില്‍നിന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മലിന ജലം കൂടി ഒഴികിയെത്തുന്ന പൈപ്പ് കിണറ്റിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഈ കാലുകള്‍ ആശുപത്രിയിലെ ആവശിഷ്ടങ്ങള്‍ക്കൊപ്പം വന്നതാണോയെന്നും സംശയമുണ്ട്.
രോഗികളുടെ മുറിച്ചുമാറ്റുന്ന കാലുകള്‍ മെഡിക്കല്‍ കോളേജില്‍ കൃത്യമായി സംസ്‌കരിക്കേണ്ടതാണ്. കണ്ടെത്തിയ കാലുകള്‍ ഇത്തരത്തില്‍ എത്തിയതാണോയെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ആങ്ങനെയാണെങ്കില്‍ അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ശരീരഭാഗങ്ങള്‍ ശേഖരിച്ച പൊലീസ് ഫൊറന്‍സിക് പരിശോധന അടക്കം നടത്തും.