IndiaNEWS

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച് അടിച്ചുകൊന്നു; പ്രതിഷേധം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് സര്‍ക്കാര്‍

ജയ്പുര്‍: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും ഉത്തരേന്ത്യയില്‍നിന്ന് എത്തുന്നത് മാറാത്ത ജാതിപീഡനത്തിന്റെ ക്രൂരമായ കൊലപാതകവാര്‍ത്ത. സ്‌കൂളില്‍ അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ ഒന്‍പതു വയസുകാരനായ ദളിത് ബാലനാണ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്.

ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. ‘അധ്യാപകനായ ചെയ്ലി സിങ് അദ്ദേഹത്തിന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഞങ്ങളുടെ മകനെ ക്രൂരമായി മര്‍ദിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കണ്ണില്‍ നിന്നും ചെവിയില്‍നിന്നും രക്തസ്രാവമുണ്ടായി. ആദ്യം ഉദയ്പുരിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും അവന്‍ മരിച്ചു’, കുട്ടിയുടെ പിതാവ് ദേവ്റാം മേഘവാള്‍ പറഞ്ഞു.

Signature-ad

കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തി. കൊലപാതകം, എസ് സി, എസ് ടി വിഭാഗത്തിനെതിരായ പീഡനങ്ങള്‍ തടയല്‍ എന്നീ നിയമപ്രകാരം അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ജാതിപറഞ്ഞുള്ള അധിക്ഷേപത്തിനും മര്‍ദനത്തിനും ഇരയായ കുട്ടി മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനിടെ പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ഇവിടുത്തെ ഇന്റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് കേസില്‍ വേഗതയിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.

Back to top button
error: