എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ ട്രെയിനില്‍ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍. 1995ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേസില്‍ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സുധാകരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ ഈ മാസം 25ന് അന്തിമവാദം കേള്‍ക്കാമെന്നു ഹൈക്കോടതി അറിയിച്ചു.
2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതിയിലാണു നടപടികള്‍. 1995ല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളില്‍ വച്ചാണു ജയരാജനുനേരെ വെടിവയ്പ് നടന്നത്.
ആക്രമണത്തെ തുടര്‍ന്ന് ജയരാജനു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസമുണ്ടെന്നും കിടക്കുമ്പോള്‍ പ്രത്യേക ശ്വസനസഹായ യന്ത്രം വേണമെന്നും ജയരാജന് വെളിപ്പെടുത്തിയിരുന്നു.