പൃഥ്വിരാജിന് പിറന്നാള്‍ സമ്മാനവുമായി നഞ്ചമ്മ
അന്തരിച്ച സംവിധായകന് സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ ഗായികയാണ് നഞ്ചമ്മ. ഹിറ്റ് ചിത്രത്തിലെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് നഞ്ചമ്മ എല്ലാവരുടെയും പ്രിയങ്കരിയായത്. നിഷ്കളങ്കത നിറഞ്ഞ സംസാരം കൊണ്ടും ആലാപന ശൈലികൊണ്ടുമാണ് ഗായിക എല്ലാവരുടെയും ഇഷ്ടം നേടിയത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ അയ്യപ്പനും കോശിക്കും വേണ്ടി പാടിയിരുന്നത്.
ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിക്കാന്‍ നഞ്ചമ്മയ്ക്ക് സാധിച്ചിരുന്നു. അതേസമയം അയ്യപ്പനും കോശിക്കും പിന്നാലെ നഞ്ചമ്മ പാടിയ പുതിയ പാട്ടും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അയ്യപ്പനും കോശിയിലെ കോശിയായ പൃഥ്വിരാജിന്റെ പിറന്നാളിന് സമ്മാനമായി ഒരു ഗാനമൊരുക്കിയിരിക്കുകയാണ് ഈ വൈറല്‍ ഗായിക നഞ്ചമ്മ.
‘എടമുറുകണ് മദ്ദളം കൊട്ടണ്’ എന്ന തനിനാടന്‍ ശീലുള്ള ഗാനം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ബിജു. കെ.ടി വരികളൊരുക്കിയ പാട്ടിന് ഈണം കൊടുത്തത് സജിത് ശങ്കര്‍ ആണ്. ബിജുവും നഞ്ചമ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജിനെ ‘രാജുവേട്ടാ’ എന്ന സ്നേഹപൂര്‍വമുള്ള അഭിസംബോധനയും താളം മുറിയാതെയുള്ള ആലാപനവും പാട്ടിന് ഏറെ ആസ്വാദകരെ നേടിക്കൊടുത്തു. ഈ പാട്ടിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
അട്ടപ്പാടിയുടെ തനത് സൗന്ദര്യക്കാഴ്ചകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ പി.കെ ആണ് ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ചത്. അയ്യപ്പനും കോശിയിലെ കലക്കാത്ത ഏറ്റെടുത്തതുപോലെ പൃഥ്വിരാജിന്റെ പിറന്നാള്‍ സമ്മാനമായ ഈ പാട്ടും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.