KeralaNEWS

ജയിലിലെ ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി കഞ്ചാവുകേസ് പ്രതി ചാടിപ്പോയി

വടകര: കഞ്ചാവുകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി ജയിലിലെ ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി ചാടി രക്ഷപ്പെട്ടു. താമരശ്ശേരി ചുങ്കം എരവത്ത് കണ്ടി ഫഹദ് (25) ആണ് ജയില്‍ ചാടിയത്. വടകര സബ്ജയിലില്‍ ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

കഞ്ചാവുകേസില്‍ എക്സൈസ് അറസ്റ്റുചെയ്ത പ്രതിയാണ് ഫഹദ്. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ജൂണ്‍ ഏഴിനാണ് ഫഹദ് ജയിലിലെത്തുന്നത്.

Signature-ad

വൈകുന്നേരത്തെ ദിനചര്യകള്‍ക്കായി ശൗചാലയത്തില്‍ കയറിയ ഫഹദ് തിരികെ വരാന്‍ വൈകിയതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന്റെ എയര്‍ഹോള്‍വഴി പ്രതി പുറത്തുചാടി രക്ഷപ്പെട്ട വിവരം അറിയുന്നത്. മെലിഞ്ഞ ശരീരപ്രകൃതമുള്ളയാളായിരുന്നു ഫഹദ്. ജയില്‍ വളപ്പിലെ ആളൊഴിഞ്ഞ പറമ്പിലേക്കാണ് എയര്‍ഹോള്‍ തുറക്കുന്നത്.

വേണ്ടത്ര സുരക്ഷയോ, അടച്ചുറപ്പോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി വടകര സബ്ജയില്‍ പ്രവര്‍ത്തിക്കുന്നത്. 16 റിമാന്‍ഡ് പ്രതികളാണ് നിലവില്‍ വടകര സബ്ജയിലിലുള്ളത്. സംഭവത്തില്‍ ജയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.

Back to top button
error: