KeralaNEWS

തിക്കോടിയന് മരണാനന്തര ബഹുമതിയായി പ്രഥമ സായാഹ്ന പുരസ്‌കാരം

തിരുവനന്തപുരം: പ്രമുഖ മലയാള സാഹിത്യകാരനായ തിക്കോടിയന്(പി കുഞ്ഞനന്തന്‍ നായര്‍) മരണാനന്തര ബഹുമതിയായി സായാഹ്ന പുരസ്‌കാരം സമ്മാനിക്കുമെന്ന് സായാഹ്ന ഫൗണ്ടേഷന്‍. പതിമൂന്നിന് കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി തിക്കോടിയന്റെ വീടായ പുഷ്പശ്രീയില്‍ എത്തി പുരസ്‌കാരം സമ്മാനിക്കും.

തിക്കോടിയന്റെ കൃതികള്‍ വായിക്കപ്പെടണം എന്ന സദുദ്ദേശ്യത്തോടെ സ്വതന്ത്രപ്രസാധനത്തിനായി നല്‍കിയ മകള്‍ പുഷ്പകുമാരി പുരസ്‌കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയും ചിത്രകാരന്‍ കെ.എം മധുസൂദനന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ഭാഷാസാങ്കേതികതയെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ പ്രയത്നിക്കുന്ന സായാഹ്ന ഫൗണ്ടേഷന്റെ പ്രഥമ സായാഹ്ന പുരസ്‌കാരമാണ് തിക്കോടിയന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുന്നത്.

1916 ഫെബ്രുവരി 15 ന് കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ആണ് തിക്കോടിയന്‍ ജനിക്കുന്നത്. പി കുഞ്ഞനന്തന്‍ നായര്‍ എന്നായിരുന്നു യഥാര്‍ഥ പേര്. ഹാസസാഹിത്യകാരന്‍ സഞ്ചയന്‍ ആണ് ‘തിക്കോടിയന്‍’ എന്ന പേരിട്ടത്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം ആദ്യം കവിതയിലൂടെയും പിന്നീട് നാടകത്തിലൂടെയും നോവലിലൂടെയുമൊക്കെ മലയാളി വായനക്കാരുടെ ഹൃദയം കീഴടക്കി.

പുഷ്പവൃഷ്ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം കോട്ട, യാഗശില(നാടകം), അശ്വഹൃദയം, ചുവന്നകടല്‍, പഴശ്ശിയുടെ പടവാള്‍ (നോവല്‍) എന്നനിങ്ങനെ നിരവധി സൃഷ്ടികള്‍ മലയാള സാഹിത്യത്തിന് സംഭാവനചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘അരങ്ങുകാണാത്ത നടന്‍’ ഏറെ സ്വീകരിക്കപ്പെട്ട പുസ്തകമാണ്.

കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലായ ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ എന്ന നാടകത്തിലൂടെയാണ് നാടകരംഗത്തെ തുടക്കം. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതില്‍ തിക്കോടിയന്‍ നിസാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

കേന്ദ്ര-കേരള സാഹിത്യ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫിലിം തിരക്കഥാ അവാര്‍ഡ്, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 2001 ജനുവരി 28 നാണ് തിക്കോടിയന്‍ വിടവാങ്ങിയത്.

Back to top button
error: