കൊച്ചി: വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് റിമാന്‍ഡിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാം ജാമ്യം അനുവദിച്ചത്. പിജി പരീക്ഷ എഴുതാനായി ആര്‍ഷോയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.
2018 ല്‍ എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആര്‍ഷോയ്ക്ക് എതിരെ കേസെടുത്തത്. കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ജൂണില്‍ ആര്‍ഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഈ സമയത്ത് വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശപ്രകാരം ആര്‍ഷോ അറസ്റ്റിലായത്.
തുടര്‍ന്ന് റിമാന്‍ഡിലായ ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ ജൂലൈ 22 ന് കോടതി ഇടക്കാല ജാമ്യം നല്കി. 50000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ പിഎം ആര്‍ഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാള്‍ ടിക്കറ്റ് നല്‍കിയത് എന്നും പരാതിക്കാരന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഹാള്‍ ടിക്കറ്റ് നല്കിയ സാഹചര്യത്തില്‍ ആര്‍ഷോ പരീക്ഷ എഴുതട്ടെയെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.