റിയാദ്: സൗദിയ ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി നഗരങ്ങളിലേക്കും സൗദിയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും.
സൗദി ദേശീയ ദിനം, സൗദി ടൂറിസം അതോറിറ്റിയുടെ സൗദി സമ്മര്‍ പ്രോഗ്രാം, അല്‍ഉലയിലെ വിവിധ വിനോദ, സാംസ്കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടക്കുന്ന വിനോദ, സാംസ്കാരിക, ടൂറിസം പരിപാടികളിലേക്ക് ലോകരാജ്യങ്ങളില്‍ നിന്നും സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സൗദിയ പ്രൊമോഷനല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സൗദിയയുടെ വെബ്സൈറ്റ് വഴിയും ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താനാകും.
അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണിത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. 35 കിലോയാണ് ബാഗേജ് അലവന്‍സ്.
ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ ഇന്ത്യ സാമൂഹിക മാധ്യമങ്ങളില്‍ അറിയിച്ചു.