NEWS

ആരോഗ്യ, ഗവേഷണരംഗത്ത് ലോകപ്രശസ്ത നിലയിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരും: മുഖ്യമന്ത്രി

രോഗ്യ, ഗവേഷണരംഗത്ത് മുതല്‍ക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ്പയെ പിടിച്ചുകെട്ടാനും കോവിഡിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത് കേരളത്തില്‍ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആര്‍ദ്രം മിഷനിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെയും പുതുതായി കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങള്‍ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം നാം ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്‍റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.

Signature-ad

2017ല്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ പ്രൊഫ: എം.വി. പിള്ള, ഡോ: ശാര്‍ങ്ധരന്‍ എന്നിവരാണ് പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് ഒരു സ്ഥാപനം കേരളത്തിലില്ല എന്ന ന്യൂനത ചൂണ്ടിക്കാണിച്ചത്. അവരുടെ അഭിപ്രായം പരിഗണിച്ചാണ് കേരളത്തിലൊരു വൈറോളജി ഗവേഷണ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് പിന്നീടുള്ള നമ്മുടെ അനുഭവം തെളിയിക്കുന്നത്. 2018ല്‍ നിപ വൈറസ് ബാധയുണ്ടായുണ്ടായപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ധമായ ഇടപെടലുകളിലൂടെയാണ് അതിന്‍റെ വ്യാപനം നമുക്ക് തടയാനായത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ചുമതല നല്‍കിയത്. ഡോ. എം.വി. പിള്ളയും ഡോ: ശാര്‍ങധരനും നമ്മെ ലോക വൈറോളജി നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിച്ചു. ഡോ. റോബര്‍ട്ട് ഗാലോ, ഡോ. വില്യം ഹാള്‍ എന്നീ പ്രശസ്ത വൈറോളജി വിദഗ്ധരുമായി സഹകരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിദഗ്ധരും സഹകരിച്ചു. ഡോ. വില്യം ഹാളിനെ മുഖ്യ ഉപദേശകനായി നിയമിക്കുകയും അദ്ദേഹം ഇവിടം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍.

2019 ഫെബ്രുവരിയില്‍ ആദ്യഘട്ട കെട്ടിടോദ്ഘാടനം നടന്നു. രോഗനിര്‍ണയ സൗകര്യവും അതിനുതകുന്ന ഗവേഷണ സൗകര്യവും ഉള്‍പ്പെടുന്ന രണ്ടുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ അടിസ്ഥാനവികസനങ്ങളും യാഥാര്‍ഥ്യമാക്കുകയും പശ്ചാത്തല സൗകര്യം ഒരുക്കുകയും ചെയ്തു. ഈ മേഖലയില്‍ നമ്മുടെ രാജ്യത്തുള്ള പ്രമുഖ സ്ഥാപനങ്ങളായ ഐ.സി.എം.ആര്‍, ആര്‍.ജി.സി.ബി, എന്‍.ഐ.എസ്.ടി, ഐ.ഐ എസ്.ഇ.ആര്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ. അഖില്‍ ബാനര്‍ജി സ്ഥാപനത്തിന്‍റെ മേധാവിയായി ചുമതലയേറ്റിട്ടുണ്ട്. വളരെയധികം ആളുകളുടെ അശ്രാന്ത പരിശ്രമമാണ് സ്ഥാപനത്തിന് പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഡബ്ളിന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസറും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യ ഉപദേശകനുമായ ഡോ. വില്യം ഹാള്‍, യു.എസ്.എയിലെ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. എം.വി പിള്ള, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ: എസ്. പ്രദീപ്കുമാര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ: കെ.പി. സുധീര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. അഖില്‍ സി. ബാനര്‍ജി, മറ്റു ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍.റ്റി.പി.സി.ആര്‍, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്‍റേഷന്‍ സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. മറ്റു പ്രധാന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.

വിവിധ വൈറോളജി ഗവേഷണ വിഷയങ്ങള്‍ ആസ്പദമാക്കി എട്ട് സയന്‍റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്സുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍. ഇതോടൊപ്പം ബി.എസ്.എല്‍ 3 ലബോറട്ടറി സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. മറ്റു വിഭാഗങ്ങള്‍ 1 ബി ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ക്രമീകരിക്കും. 25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.

Back to top button
error: