ശക്തമായ മഴ; ആന്ധ്രപ്രദേശിലും, തെലങ്കാനയിലും 30 മരണം
ഹൈദരാബാദ്: ശക്തമായ മഴയില്‍ ആന്ധ്രപ്രദേശിലും, തെലങ്കാനയിലും 30 മരണം. ഹൈദരാബാദില്‍ മാത്രം 15 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഹൈദരാബാദില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഗതാഗതം താറുമാറായി. ഇന്നലെ ഒഴുക്കില്‍പെട്ടു കാണാതായ ആളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
വെള്ളപ്പാച്ചിലില്‍ ഒരാള്‍ ഒഴുകി പോകുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. കര്‍ണാടകത്തിലെ വിവിധ ജില്ലകളിലും മഴ ശക്തമാണ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്ദ്ദത്തെത്തുടര്ന്നാണ് മഴ ശക്തിപ്രാപിച്ചത്.തെലങ്കാനയിലും ആന്ധ്രയിലും റെക്കോഡ് മഴയാണ് പെയ്തത്.
ഹൈദരാബാദിന്റെ താഴ്ന്ന പ്രദേശങ്ങളിലാകെ വെളളം കയറി. ഷംഷാബാദില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീടുകളുടെ മുകളിലേക്ക് വീണ് രണ്ട് മാസം പ്രായമുളള കുഞ്ഞടക്കം ഒന്‍പത് പേര് മരിച്ചിരുന്നു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
തെലങ്കാനയിലെ പതിനാല് ജില്ലകള്‍ മഴക്കെടുതിയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘത്തെ ഹൈദരാബാദില്‍ വിന്യസിച്ചിരുന്നു. 74 പേരെ ഇതിനോടകം രക്ഷപ്പെടുത്തി.