ഇടുക്കി: ഇടുക്കിയിലെ ഗ്രാമ്പിക്കു സമീപം വനത്തിനുള്ളിലെ പുഴയിൽ വീണ് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനുള്ള തെരച്ചിൽ നാളെയും തുടരും. പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മാധവൻറയും ഷൈലയുടെയും മകൻ അജിത് എന്ന പത്തു വയസുകാരനെയാണ് മാതാപിതാക്കൾക്കൊപ്പം ആറ് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായത്.
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് അജിത് ഉൾപ്പെട്ടെ ആറംഗ സംഘമാണ് വനത്തിലേക്ക് പോയത്. തിരികെ വരുമ്പോൾ കല്ലാർ പുഴ കടക്കുന്നതിനിടെയാണ് അജിത് ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഗ്രാമ്പിയിലെത്തി നാട്ടുകാരെയും കൂട്ടി തിരച്ചിൽ തുടങ്ങി.
വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് വള്ളക്കടവിലുണ്ടായിരുന്ന എൻഡിആര്‍ഫ് സംഘവും സ്ഥലത്ത് എത്തി. വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തുവാനായില്ല. മൂന്നു കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താനാകൂ. ഒപ്പമുണ്ടായിരുന്നവരെ തെരച്ചിൽ സംഘം ഗ്രാമ്പിയിലെത്തിച്ചു.