ശബരിമല: ശബരിമല ശ്രീകോവിലിലെ അഗ്‌നികോണില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതാണ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ശ്രീകോവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികളുടെ ആണികള്‍ മുഴുവന്‍ മാറ്റാന്‍ തീരുമാനമായി.
സ്വര്‍ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ഈ മാസം 22ന് പ്രവര്‍ത്തികള്‍ തുടങ്ങും. ഓണത്തിന് നട തുറക്കുന്നതിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്‌പെഷ്യഷല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധന പൂര്‍ത്തിയായി.
വിഷുമാസ പൂജകള്‍ക്ക് നട തുറന്നപ്പോഴാണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ വന്നതെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ രണ്ടാഴ്ച മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ തീവ്രത മൂന്ന് മാസങ്ങള്‍ക്കിപ്പുറം മാധ്യമ വാര്‍ത്തകള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് ഗൗരവത്തിലെടുത്തത്.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേല്‍ക്കൂരയുടെ ചോര്‍ച്ച പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡിനെ സമീപിച്ചത്. സ്വര്‍ണം പാളികള്‍ പതിച്ച മേല്‍ക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുന്‍പ് തിരുവാഭരണ കമ്മീഷണര്‍ ജി ബൈജുവും ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ശ്രീകോവില്‍ നവീകരിക്കുന്നതിനെപ്പറ്റിയാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് ബോര്‍ഡ് തന്നെ നിര്‍മ്മാണം നടത്താം എന്ന തീരുമാനത്തിലെത്തി.