KeralaNEWS

കെഎസ്ആര്‍ടിസി: ശമ്പളം കൊടുക്കാം, സമയം വേണമെന്ന് സര്‍ക്കാര്‍, എം.എല്‍.എമാര്‍ക്ക് ഇളവെന്തിനെന്ന് ഹൈക്കോടതി; യൂണിയനുകള്‍ക്കും വിമര്‍ശനം

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഞ്ചാം തീയതി ശമ്പളം നല്‍കുന്നത് സംബന്ധിച്ച് നടപടികളെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുമാസം കൂടി സാവകാശം വേണമെന്ന് ആവശ്യവുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ജൂണ്‍ മാസത്തെ ശമ്പളം നല്‍കാനായി 50 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായാണ് പ്രൊഫ. സുശീല്‍ ഖന്നയെ നിയോഗിച്ചത്. എന്നാല്‍ തൊഴിലാളികളുടെ എതിര്‍പ്പ് മൂലം സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ വൈകി. കഴിഞ്ഞ രണ്ട് വര്‍ഷമായി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Signature-ad

എന്നാല്‍ സൗജന്യയാത്രാ ഇനത്തില്‍ ലക്ഷക്കണക്കിനു രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ളതിനെപ്പറ്റിയുള്ള കോര്‍പറേഷന്റെ പരാമര്‍ശത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞു. എംഎല്‍എമാര്‍ക്ക് എന്തിനാണ് കെഎസ്ആര്‍ടിസി യാത്രാനിരക്കില്‍ ഇളവ് എന്നും കോടതി ചോദിച്ചു. മുന്‍ മുഖ്യമന്ത്രി പികെവി വരെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എങ്കില്‍ അദ്ദേഹം ഇളവ് വാങ്ങി കാണില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. വിദ്യാര്‍ഥികള്‍ അടക്കമുള്ള അത്യാവശ്യം പേര്‍ക്ക് പോരേ യാത്ര ഇളവ് എന്നും കോടതി ചോദിച്ചു.

കെ.എസ്.ആര്‍ ടി.സിയുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ബാങ്ക് ലോണിനായി പോകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ബാങ്ക് ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തേ മതിയാകൂ. വായ്പ തിരിച്ചടവിന് മാസം 30 കോടി വേണം. ഇതാണ് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ വാദങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളി യൂണിയനുകള്‍ക്കെതിരേയും കോടതി രംഗത്തെത്തി. കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്ന് യൂണിയനുകളോട് കോടതി നിര്‍ദ്ദേശിച്ചു. യുണിയനുകള്‍ ഇപ്പോഴും സമരപാതയില്‍ ആണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ കാണുന്നു. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്റെ ലംഘനം അല്ലേ ഇതെന്നും ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോള്‍ എന്തിനാണ് സമരമെന്നും കോടതി ചോദിച്ചു.

കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡില്‍ ഇറക്കണം. തൊഴിലാളികള്‍ സഹകരിക്കണം. സമരം തുടര്‍ന്നാല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം കോടതി പരിഗണിക്കുന്നുണ്ട്. സമരം തുടര്‍ന്നാല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് വീണ്ടും വാദത്തിനായി 17 ലേക്ക് മാറ്റി.

Back to top button
error: