തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മീഷന്‍. പുല്ലകയാര്‍, മാടമണ്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നീ നദീതീരങ്ങളിലാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ തുടരുന്ന ശക്തമായ മഴയില്‍ നദികളില്‍ ക്രമാതീതമായ അളവില്‍ ഒഴുക്ക് കൂടിയിട്ടുണ്ട്. പ്രളയസാഹചര്യം മുന്‍നിര്‍ത്തി പല ജില്ലകളിലും നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.
ചാലക്കുടി പുഴ, പമ്പ, മൂവാറ്റുഴ, പെരിയാര്‍, നെല്ലിയാമ്പതി നൂറടി പുഴ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ അച്ചന്‍കോവിലാര്‍ മണിമല നദികള്‍ കരതൊട്ട് ഒഴുകുകയാണ്. എറണാകുളം ഏലൂര്‍ കുട്ടിക്കാട്ടുകരയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകയാണ്. പ്രദേശത്തെ 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് പെരുവണ്ണാമൂഴിയിലും കുറ്റ്യാടി പുഴയിലും നീരൊഴുക്ക് കൂടി.
പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദേശം. മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ കാറ്റ് വീശിയടിക്കാനുള്ള സാധ്യതയുമുണ്ട്.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.