സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിച്ച നിര്‍ധന കുടുംബത്തിലെ മകള്‍ക്ക് ഏഴു സെന്റ് സ്ഥലവും വീടും ഇഷ്ടദാനം ചെയ്ത് ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് അടൂർ മണ്ണടി മുഖമുറി ചൂരക്കാട് വീട്ടില്‍ 77 കാരിയായ ചന്ദ്രമതിയമ്മ.
കൂടപ്പിറപ്പുപോലെ 14 വർഷം സ്വന്തം വീട്ടിൽ ഒന്നിച്ചു ജീവിച്ച മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകൾ പൊന്നുവിനാണ് ചന്ദ്രമതിയമ്മ വീടും സ്ഥലവും ഇഷ്ടദാനമായി നൽകിയത്.
എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് 4 മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കി. എന്നാൽ കരാര്‍ തൊഴിലാളിയായ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സിൽ നൊമ്പരമായി. വാടകയ്ക്കെത്തിയ കുടുംബം, തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് ഇതിനോടകം താങ്ങും തണലുമായി മാറുകയും ചെയ്തു. തുടർന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി.
പക്ഷാഘാതം പിടിപെട്ട ജോസഫ് 4 വർഷം മുൻപ് മരിച്ചു. പൊന്നു അപ്പോൾ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. സഹായത്തിന് ആരോരുമില്ലാതെ പറക്കമുറ്റാത്ത പെണ്‍കുഞ്ഞിനെ കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ തൊഴിലുറപ്പ് തൊഴിലാളിയായ സരസ്വതി അമ്മാളും പകച്ചു നിന്നു. മുന്നോട്ടുള്ള ജീവിതം ആ അമ്മയ്ക്കും മകൾക്കും മുന്നിൽ ചോദ്യചിഹ്നമായി. പ്രായമായ മകളെയും കൊണ്ട് ഏത് നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഓര്‍ത്ത് പിന്നീട് സരസ്വതിയമ്മാള്‍ ഉറങ്ങിയിട്ടില്ല. ഇവരെ എന്തിന് ഇനിയും ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ഇറക്കി വിട്ടൂടെ എന്ന് നാട്ടുകാരില്‍ ചിലരുടെ ചോദ്യം ചന്ദ്രമതിയമ്മ മുഖവിലയ്‌ക്കെടുത്തില്ല.
പ്ലസ്ടുവിന് ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന പൊന്നുവിനേയും അമ്മയേയും നാട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് ചന്ദ്രമതിയമ്മ കുടുംബസ്വത്തായി കിട്ടിയ തന്റെ ഏഴു സെന്റും വീടും സകല സ്വത്തുക്കളും കഴിഞ്ഞ ദിവസം പൊന്നുവിന്റെ പേരില്‍ ഇഷ്ടദാനമായി രജിസ്റ്റര്‍ ചെയ്തു കൊടുത്തു.
പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുന്ന പൊന്നുവിന്റെ തുടർ പഠനം ചന്ദ്രമതിയമ്മയുടെ മനസ്സിൽ ആഗ്രഹമായി നിൽക്കുന്നു. തന്റെ കണ്ണ് അടയും മുമ്പേ പൊന്നുവിനെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നാണ് ഇപ്പോള്‍ അവരുടെ ഏക ആഗ്രഹം. ആ ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന വാശിയിലാണ് പൊന്നുവും.