മികച്ച നടൻ സുരാജ് വെഞ്ഞാറമൂടെന്ന് സൂചന ,സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് എന്നാണ് സൂചന .രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്ന നവാഗത സംവിധായകന്റെ ആദ്യചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഭാസ്കര പൊതുവാൾ എന്ന കഥാപാത്രമാണ് സുരാജിന് സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുന്നത് എന്നാണ് സൂചന .ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് സുരാജ് .
നിവിൻ പോളി ,മമ്മൂട്ടി ,മോഹൻലാൽ ,സൗബിൻ സാഹിർ ,ആസിഫ് അലി ,ഷെയ്ൻ നിഗം എന്നിവരോട് മത്സരിച്ചാണ് സുരാജ് പുരസ്കാരം കരസ്ഥമാക്കുന്നത് എന്നാണ് സൂചന .പാർവതി ,രജിഷ വിജയൻ ,അന്ന ബെൻ ,മഞ്ജു വാര്യർ,കനി കുസൃതി എന്നിവരാണ് മികച്ച നടിയാകാൻ മത്സരിക്കുന്നത് .മത്സര രംഗത്തുള്ള 119 സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർ കാണാത്തത് ആണ് .
എ.ഡി.ഗിരീഷിൻറെ തണ്ണീർമത്തൻ ദിനങ്ങൾ,മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, മനു അശോകന്റെ ഉയരെ,രതീഷ് പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,ജോൺ പോൾ ജോർജിന്റെ അമ്പിളി,പി.ആർ.അരുണിന്റെ ഫൈനൽസ്,വിവേക് തോമസ് വർഗീസിന്റെ അതിരൻ,എം.സി.ജോസഫിന്റെ വികൃതി തുടങ്ങി യുവ സംവിധായകരുടെ ചിത്രങ്ങളുടെ നീണ്ട നിര തന്നെ മത്സരിക്കുന്നു.മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു പരീക്ഷണമാകും.ജല്ലിക്കട്ടുമായി ലിജോ ജോസ് പെല്ലിശേരി,വൈറസുമായി ആഷിക്ക് അബു, കോളാമ്പിയുമായി ടി.കെ.രാജീവ്കുമാർ,വെയിൽമരങ്ങൾ എന്ന ചിത്രവുമായി ഡോ.ബിജു,പ്രതി പൂവൻകോഴിയുമായി റോഷൻ ആൻഡ്രൂസ് ,ഹാസ്യം എന്ന ചിത്രവുമായി ജയരാജ് എന്നീ പരിചയ സമ്പന്നരായ സംവിധായകരും മത്സര രംഗത്തുണ്ട്.മൂത്തോനുമായി ഗീതു മോഹൻദാസ്,കെഞ്ചീരയുമായി മനോജ് കാന,സ്റ്റാൻഡ് അപ്പുമായി വിധു വിൻസന്റ് എന്നിവരും മത്സര രംഗത്തുണ്ട് .