NEWS

മുട്ടില്‍ മരം മുറിക്കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ. സിന്ധു അറസ്റ്റില്‍

വയനാട്: റവന്യൂ ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍നിന്നും വന ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയ മുട്ടില്‍ മരംമുറി കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ. സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു.

മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ. അജിയെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അജിയെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Signature-ad

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതിലൂടെ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗമിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അന്തിമ അന്വേഷണത്തിന് ശേഷം പിടിച്ചെടുത്ത തടികള്‍ വനം വകുപ്പ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു. കേരള വനം നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ച 22 കഷ്ണം വീട്ടിത്തടികളാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്.

11 കേസുകളിലുള്‍പ്പെട്ട തടികളാണിത്. ബാക്കി 24 കേസുകളില്‍ നടപടി തുടരുകയാണ്. സംരക്ഷിത മരങ്ങള്‍ മുറിച്ച പ്രദേശങ്ങളില്‍ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സംയുക്ത മഹസര്‍ തയ്യാറാക്കിയിരുന്നു.

 

Back to top button
error: