ജയ്പുര്‍: സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്കിയ സൈനികന് പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ശാന്തിമോയ് റാണ (24) ആണ് അറസ്റ്റിലായത്. ഐഎസ്ഐ പ്രവര്‍ത്തകയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ സൈനികന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് രാജസ്ഥാന് പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്ന് വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന ശാന്തിമോയ് റാണ ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയാണ്. പരിശീലനത്തിനു ശേഷം, ജോധ്പൂരിലെ റെജിമെന്റില്‍ നിയമിച്ചു. വിവാഹ വാഗ്ദാനം വിശ്വസിച്ച ഇയാള്‍ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ യുവതിയുമായി പങ്കുവച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് രാജസ്ഥാന് ഇന്റലിജന്‍സ് ജവാനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ജയ്പൂരിലേക്ക് കൊണ്ടുപോയ ഇയാളെ അറസ്റ്റ് ചെയ്തു. പാക് യുവതിയുമായി രഹസ്യവിവരങ്ങള്‍ കൈമാറിയതായി ഇയാള്‍ സമ്മതിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചാരപ്രവര്‍ത്തനം തടയാന്‍ നിരവധി പേരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് രാജസ്ഥാന് പോലീസ് ഇന്റലിജന്‍സ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു. ഈ സംഘത്തിന്റെ അന്വേഷണത്തില്‍ സൈനികനെ വനിതാ ഐഎസ്ഐ ഏജന്റ് ഹണി ട്രാപ്പില്‍ കുടുക്കിയതായും സുപ്രധാന വിവരങ്ങള്‍ നിരന്തരം ചോര്‍ത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.