ബെംഗളൂരു: രാകേഷ് ജുൻജുൻവാലയുടെ വിമാന കമ്പനിയായ ആകാശ എയർ തങ്ങളുടെ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കൂ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാവും ആകാശ എയറിന്റെ ബോയിങ് 737 മാക്സ് എയർക്രാഫ്റ്റ് സർവീസ് നടത്തുക.
ഓഗസ്റ്റ് 13 മുതൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും ആകാശ എയർ ആരംഭിക്കും. ഓഗസ്റ്റ് ഏഴ് മുതൽ മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 28 വീക്കിലി ഫ്ലൈറ്റ് സർവീസുകൾക്ക് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഓഗസ്റ്റ് 13 മുതലുള്ള 28 വീക്കിലി ഫ്ലൈറ്റ് സർവീസിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഈ രണ്ട് സർവീസുകൾക്കും 737 ബോയിങ് മാക്സ് എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ബോയിങ് കമ്പനി ഒരു വിമാനം ആകാശ എയറിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. രണ്ടാമത്തേത് ഈ മാസം അവസാനത്തോടെ നൽകുമെന്നാണ് വിവരം.
ഡിജിസിഎയിൽ നിന്ന് വിമാന സർവീസ് നടത്താനുള്ള ഓപറേറ്റർ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്. 2021 ഓഗസ്റ്റ് മാസത്തിൽ തന്നെ ഡിജിസിഎ ആകാശ എയറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയിങിൽ നിന്ന് 72 മാക്സ് എയർക്രാഫ്റ്റുകൾ വാങ്ങാൻ 2021 നവംബർ 26 ന് ആകാശ എയർ കരാർ ഒപ്പുവെച്ചത്.