തിരുവനന്തപുരം: ജി.എസ്.റ്റി കൗൺസിലിന്റെ വ്യാപാരിദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ അടുത്ത ജി.എസ്.റ്റി. കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിൽ വ്യാപാരികളുടെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭോപ്പാലിൽ ചേർന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു.
വ്യാപാരികളുടെ പ്രതികരണശേഷി അളക്കുന്ന നിലപാടാണ് ജി.എസ്. റ്റി കൗൺസിലിന്റേത്. ജനങ്ങളെ എങ്ങനെ കൊള്ളയടിക്കാമെന്നതിന്റെ ഗവേഷണം നടക്കുന്ന സമിതി ആയി ജി. എസ്. റ്റി കൗൺസിൽ അധപ്പതിച്ചിരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
അരിക്കും മറ്റു ഭക്ഷ്യധാന്യങ്ങൾക്കും പാലിതര പാൽ ഉൽപ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയവർ മനുഷ്യന്റെ ശവം സംസ്കരിക്കുന്നതു പോലും ലക്ഷൂറി ഇനത്തിലെ 18% നികുതി ഏർപ്പെടുത്തുവാൻ തയ്യാറെടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.