KeralaNEWS

മലപ്പുറത്തെ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നെന്ന്; സംസ്ഥാന സര്‍ക്കാരിനെതിരേ മുന്നിയൂര്‍ സ്‌കൂള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പ്രവേശനത്തിന് കുട്ടികള്‍ക്ക് സീറ്റ് തികയുന്നില്ലെന്നും മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ മൂന്നിയൂര്‍ എച്ച്എസ്എസ് സ്‌കൂള്‍ സുപ്രീം കോടതിയില്‍. അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സ്‌കൂള്‍ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സയന്‍സ് കൊമേഴ്‌സ്, ഹ്യൂമാനിറ്റ്‌സ് ബാച്ചുകളിലായി കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന മലപ്പുറം ജില്ലയിലെ പാറകടവ് മൂന്നിയൂര്‍ എച്ച്എസ്എസ്സ് മാനേജ്‌മെന്റിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്നിയൂര്‍ എച്ച് എസ് എസ് അടക്കം നാല് സ്‌കൂളുകള്‍ക്ക് മൂന്ന് ബാച്ചുകള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നടപടി സാമ്പത്തികമായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കാട്ടി സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Signature-ad

2021-22 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സിലബസില്‍ പത്താം ക്ലാസ് പാസായത് 71,625 പേരാണ്. ഈ വര്‍ഷം അത് മുക്കാല്‍ ലക്ഷം കടന്നുവെന്നാണ് ഹര്‍ജിയില്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 65,035 ആണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെ മറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂടി എത്തുന്നതോടെ ജില്ലയിലെ പല വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്‌കൂള്‍ മാനേജര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ എസ്എല്‍സിസി പരീക്ഷയ്ക്ക് വിജയിക്കുന്ന വിദ്യാര്‍ഥികളെക്കാള്‍ പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധിക ബാച്ചുകള്‍ അനുവദിക്കാതെ നിലവിലുഉള്ള ബാച്ചുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് കാരണം ഓരോ ക്ലാസിലും എഴുപതിലധികം വിദ്യാര്‍ഥികളാണ് ഉള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Back to top button
error: