തിരുവനന്തപുരം: ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിറോടുകൂടി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചർച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതിരുന്നതിൽ വലിയ മനോവ്യഥയുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ്. താന്‍ ചിന്തന്‍ശിബിറില്‍ പങ്കെടുക്കാതിരുന്നത്തിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. മാധ്യമങ്ങളോട് ഇത് പറയാൻ ഉദ്ദേശിക്കുന്നില്ല. പ്രവർത്തകർക്ക് തെറ്റിദ്ധാരണ ഉണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആണ് തന്നെ ക്ഷണിച്ചത്. തന്റെ സത്യസന്ധത സോണിയാ ഗാന്ധിക്കറിയാം എന്നും മുല്ലപ്പള്ളി പറഞ്ഞു.