ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവയാണ് വാഹനങ്ങളിലെ വൈപ്പർ ബ്ലേഡുകൾ. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തൊണ്ണൂറു ശതമാനം തീരുമാനങ്ങളും കൈക്കൊള്ളുന്നത് തടസ്സരഹിതവും വ്യക്തവുമായ റോഡ് വ്യൂവിനെ മുൻനിർത്തിയാണ്. അപ്പോൾ, വ്യക്തമായ കാഴ്ചയ്ക്കു തടസ്സം നിൽക്കുന്നതെന്തും ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നവയാണ്.
വാഹനങ്ങളിലെ വൈപ്പറുകളുടെ ഉപയോഗം വിൻഡ് ഷീൽഡുകളുടെ കാര്യക്ഷമതയുമായി ബന്ധമുണ്ട്. അതുകൊണ്ട് വൈപ്പറുകളെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
യാത്ര തുടങ്ങുന്നതിനു മുൻപ് വൈപ്പറുകൾ വൃത്തിയാക്കുക.
വിൻഡ് ഷീൽഡിൽ വീണുക്കിടക്കുന്ന ഇലകൾ മറ്റും മാറ്റിയതിനു ശേഷമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം വിൻഡ് ഷീൽഡുകളിൽ സ്‌ക്രാച്ച് വീഴാൻ കാരണമാകും.
നിരന്തരം പൊടിയിലൂടെ പോകുമ്പോഴും വാഹനങ്ങളിലെ ചില്ലിൽ ചെളി നിറയുന്നത് സാധാരണയാണ്. ചെളി കളയാനായി വാഷർ ഓണാക്കി പെട്ടെന്നു വൈപ്പർ ഓണാക്കുന്നതും പ്രശ്നമാണ്. വാഷറിൽ നിന്ന് അൽപം വെള്ളം മാത്രമേ ചില്ലിലെത്തൂ. തീരെ ഈർപ്പമില്ലാത്ത സാഹചര്യത്തിൽ വൈപ്പർ പ്രവർത്തിപ്പിക്കുമ്പോൾ ഉരയുന്ന ശബ്ദം കേൾക്കാം.
വൈപ്പർ പ്രവർത്തിപ്പിക്കുന്നതിനു മുമ്പ് വിൻഡ് സ്‌ക്രീൻ വാഷർ ഉപയോഗിക്കണം. ഇതിനായി വിൻഡ് സ്‌ക്രീൻ വാഷർ ഫ്‌ളൂയിഡ് ടാങ്കിൽ സോപ്പ് ലായനിയോ ഷാംപുവോ ചേർക്കാവുന്നതാണ്. ഇതുവഴി വൈപ്പർ ഉപയോഗിക്കുമ്പോൾ വിൻഡ് സ്‌ക്രീനിൽ ഉണ്ടാകുന്ന പോറലുകൾ ഒഴിവാക്കാൻ സാധിക്കും. ഷാംപൂവും സോപ്പു വെള്ളവും ഉപയോഗിക്കുമ്പോൾ കൂടുതൽ പത വരികയും കാഴ്ച മങ്ങുകയും ചെയ്യും.അതിനാൽ അതും ശ്രദ്ധിക്കുക.
വെയിലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വൈപ്പറുകൾ ഉയർത്തിവയ്ക്കുവാൻ ശ്രദ്ധിക്കണം. ഇത് അവയുടെ പ്രവർത്തന കാലാവധി വർധിപ്പിക്കുകയും ഗ്ലാസുകൾ തകരാറാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.