നഞ്ചമ്മയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടി നേരം ഇരുട്ടി വെളുത്തിട്ടും സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ.
കാണില്ല..
റിയാലിറ്റി ഷോകളിൽ തൊലി വെളുപ്പുള്ള കുട്ടികളെ മാത്രം താലോലിച്ച് കൊഞ്ചിച്ച് കൂടെ നിൽക്കുന്ന ഇരുണ്ട നിറമുള്ള കുഞ്ഞിനെ വംശീയതയുടെ ഇരുണ്ട കണ്ണുകൾ കൊണ്ട് വേദിയുടെ കോണിൽ ഒതുക്കുന്ന, അവഗണിക്കപ്പെടുന്ന ആ കുഞ്ഞിന്റെ വേദന അറിയാത്ത വർണ്ണ /വംശവെറിയൻ സവർണ്ണ തമ്പ്രാക്കളാണ് നമ്മൾ തലയിലേറ്റുന്ന സംഗീത ശിരോമണി മാടമ്പികൾ.
സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം അവർക്ക് അശുദ്ധമാണ്.
നഞ്ചമ്മയുടെ പാട്ട് ശുദ്ധിയുടെ ബ്രാഹ്‌മണ്യ ചിട്ടകൾക്ക് പുറത്താണ്.
നാലര വെളുപ്പിന് കുളിച്ച് കുറിയണിഞ്ഞ് ഗുരുവന്ദനം ചെയ്ത് അഗ്രഹാരത്തെരുവുകളിലെ ഭാഗവത കീർത്തനം ഏറ്റ് ചൊല്ലിപഠിച്ചതല്ല നഞ്ചമ്മയുടെ പാട്ടുകൾ.
സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി തലമുറകൾ കൈമാറിയെത്തിയ ഗോത്ര സംസ്കൃതിയുടെ ഇനിയും കൈവിടാത്ത തിരുശേഷിപ്പുകളാണത്.ആദി താളത്തിന്റെ ഇനിയും മുറിയാത്ത പ്രകമ്പങ്ങളാണ്.
നീലഗിരിയുടെ താഴ്‌വാരങ്ങളിൽ, മലകളിൽ നിന്ന് മലകളിലേക്ക് മാറ്റൊലി കൊണ്ട് പതിഞ്ഞുറഞ്ഞതാണാ ശബ്ദം.
ശുദ്ധിയുടെ സവർണ്ണ സംഗീതക്കോട്ടകളിൽ പൂണൂലുഴിഞ്ഞു നിങ്ങളിരിക്കുക.
നഞ്ചിയമ്മയുടെ അശുദ്ധ സംഗീതം ഇനിയങ്ങോട്ട് നിങ്ങളെ അലോസരപ്പെടുത്തികൊണ്ടിരിക്കും.
ഒരു ആദിവാസി വനിതാ ഗായികയ്ക്ക് ആദ്യമായി ഒരു ആദിവാസി വനിതാ പ്രസിഡന്റ് അവാർഡ് നൽകുന്നത് നിങ്ങളുടെ കണ്ണുകൾ രേഖപ്പെടുത്തിയില്ലെങ്കിലും ചരിത്രം അത് രേഖപ്പെടുത്തും; കാലത്തിന്റെ കാവ്യനീതി പോലെ