കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ മൂന്നംഗ സംഘത്തെ കാക്കൂര്‍ പോലീസ് പിടികൂടി. പാലക്കാട് പട്ടിത്തറ തലക്കശ്ശേരി തേന്‍കുളം വീട്ടില്‍ അബുതാഹിര്‍(29), തലക്കശ്ശേരി മലയന്‍ ചാത്ത് ഷമീം(30) തലക്കശ്ശേരി തുറക്കല്‍ വീട്ടില്‍ ഷബീര്‍ (36)എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ പാലക്കാട് പടിഞ്ഞാറങ്ങാടി വെച്ച് കോഴിക്കോട് റൂറല്‍ ക്രൈം സ്‌ക്വാഡും കക്കൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജനുവരി 28.ന് യുഎഇയില്‍ നിന്നും സ്വര്‍ണ്ണവുമായി മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ കോഴിക്കോട് എടക്കര സ്വദേശിയായ യുവാവ് സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന യഥാര്‍ത്ഥ ഉടമസ്ഥന് നല്‍കാതെ പുറത്തു കടന്നതായി മനസിലാക്കിയ സ്വര്‍ണ്ണക്കടത്തു സംഘം യുവാവിനെ തിരഞ്ഞെങ്കിലും, ഇയാള്‍ നാട്ടില്‍ വരാതെ ഒളിച്ചു കഴിയുകയും സംഘത്തിന്റെ ഭീഷണി ഭയന്ന് പിന്നീട് ബഹ്റിനിലേക്ക് കടക്കുകയും ചെയ്തു.
പിന്നീട് ഏപ്രില്‍ മാസം നാട്ടിലെത്തിയ യുവാവിന്റെ വീട്ടില്‍ പല തവണ സ്വര്‍ണ്ണക്കടത്തു സംഘം വന്നെങ്കിലും മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വര്‍ണ്ണം ആരോ വാങ്ങിക്കൊണ്ടു പോയതായി യുവാവ് അവരോട് പറഞ്ഞു. പല സംഘങ്ങളും യുവാവിന്റെ വീട്ടില്‍ വന്ന് നിരന്തരം സ്വര്‍ണ്ണത്തിന് വേണ്ടി സംസാരിച്ചിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണക്കടത്തു സംഘത്തിനു വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതികള്‍ ഏപ്രില്‍ 28 ന് വീട്ടില്‍ നിന്നും കടയിലേക്ക് പോകാനിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച് പ്രതികള്‍ വന്ന സ്വിഫ്റ്റ് കാറില്‍ പിടിച്ചു കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും യുവാവ് അടുത്തുള്ള വീട്ടിലേക്കു ഓടിരക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും പ്രതികള്‍ കൈക്കലാക്കിയിരുന്നു.
തുടര്‍ന്ന് യുവാവിന്റെ പരാതിപ്രകാരം കേസെടുത്ത പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചും പ്രതികള്‍ വന്ന കാറിന്റെ വിവരങ്ങള്‍ ശേഖരിച്ചു സ്വര്‍ണ്ണക്കടത്തു സംഘത്തെ കുറിച്ചും ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പ്രതികള്‍ക്ക് തൃശൂര്‍,പാലക്കാട് ജില്ലകളിലെ ക്വട്ടേഷന്‍ സംഘവുമായും ബന്ധമുണ്ട്. കേസിലുള്‍പെട്ട മറ്റൊരു പ്രതി വിദേശത്താണ്. പ്രതികള്‍ തട്ടിയെടുത്ത സ്‌കൂട്ടറും, മൊബൈല്‍ ഫോണും കുറ്റിപ്പുറത്തുള്ള സഹായിയുടെ കൈവശം ഒളിപ്പിച്ചതായി പ്രതികള്‍ പറഞ്ഞു. പ്രതികളെ കോഴിക്കോട് ജെ.എഫ്.സി.എം-3. കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറുപ്പസാമിയുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ കാക്കൂര്‍ ഇന്‍സ്പെക്ടര്‍ സനല്‍രാജ്.എം,എസ്.ഐ.അബ്ദുള്‍ സലാം. എം,ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, സുരേഷ്.വി.കെ, ബിജു.പി,കാക്കൂര്‍ സ്റ്റേഷനിലെ എ എസ്.ഐ.മാരായ സുരേഷ് കുമാര്‍. ടി,സുജാത്. എസ്,സിപിഒ മാരായ രാംജിത്,ചിത്ര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.