പൊലീസിന് അപമാനമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഒറ്റപ്പെട്ട തെറ്റുകൾ പൊലീസിനെ ആകെ ബാധിക്കും. ഇത്തരം കാര്യങ്ങളെ സർക്കാർ പിന്തുണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് വരുത്താൻ ആഗ്രഹിക്കുന്ന ചില ശക്തികളുണ്ട്. ഇത്തരക്കാർ ചെറിയ കാര്യം കിട്ടിയാൽ പർവതീകരിക്കുമെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. ബോധപൂർവം പൊലീസിനെ പ്രകോപിപ്പിക്കാനുള്ള ഇടപെടൽ പലയിടങ്ങളിലുണ്ടായി. ഉയർന്ന ഓഫീസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ ഉണ്ടായി. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളോട് വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.