ഇടുക്കി: മൂന്നാറിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ നടപടിയുമായി കേരളാ പോലീസ്. ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റി.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ആ രീതിയിലുള്ള വിവരങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പിഐ നേതാക്കള്‍ അംഗമായ ക്രിയേറ്റീവ് സ്പേസ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ശിക്ഷാ നടപടി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ വിപിഎന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ ഗ്രൂപ്പുകളില്‍ അല്ല തങ്ങള്‍ അംഗങ്ങളായതെന്നും മഹല്ല് കമ്മിറ്റിയുടേതാണ് വാട്സാപ്പ് ഗ്രൂപ്പെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ ഗ്രൂപ്പില്‍ തങ്ങളെ കൂടാതെ ഒന്‍പത് പൊലീസുകാരും മറ്റു 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും അംഗങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനിടെ നല്കിയ മൊഴിയില്‍ പറയുന്നു.