CrimeNEWS

ഗവ. ഉദ്യോഗസ്ഥയെ രാത്രി വഴിയില്‍ പിന്തുടര്‍ന്ന് കടന്നുപിടിച്ചു: ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗവണ്‍മെന്റ് ഉദ്യോഗസ്ഥയെ രാത്രി വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. എഞ്ചിനീയറിംഗ് കോളേജില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെയാണ് ഇയാള്‍ ആക്രമിച്ചത്.

ബുധനാഴ്ച രാത്രി 9:30നാണ് സംഭവം. ചിതറ സ്വദേശിനിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ യുവതി വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് ബൈക്കില്‍ എത്തിയ അജ്ഞാതനായ ഒരാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമിയില്‍ നിന്നും കുതറി മാറിയ യുവതി പോലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചു. വിഷമിക്കേണ്ടതില്ല ഉടന്‍ തന്നെ പോലീസ് അവിടെ എത്തുമെന്നും കണ്‍ട്രോള്‍ റൂമില്‍നിന്ന് മറുപടി നല്‍കി.

Signature-ad

യാത്ര തുടര്‍ന്ന യുവതിയെ വീണ്ടും യുവാവ് പിന്തുടര്‍ന്ന് നിരവധി തവണ അക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം പരാതിക്കാരിയെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു കിലോമീറ്റര്‍ മാറി കാരേറ്റ് ആറാംതാനത്ത് എന്ന സ്ഥലത്തെത്തിയെന്നും പിന്തുടര്‍ന്ന് എത്തിയ ആളില്‍ നിന്നും വീണ്ടും അക്രമം ഉണ്ടായെന്നും പറഞ്ഞു. ഉടന്‍ പോലീസ് അവിടേക്ക് തിരിച്ചു.

എന്നാല്‍ ഇതിനിടെ യുവതിയെ പിന്തുടര്‍ന്നുവന്ന യുവാവ് വീണ്ടും ആക്രമിക്കുകയും കടന്നുപിടിക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് ഇവര്‍ നിലവിളിക്കുകയും ഇത് കേട്ട് അതുവഴി വരികയായിരുന്ന യുവാക്കളെ കണ്ട് അക്രമി രക്ഷപ്പെടുകയുമായിരുന്നു. വീട്ടില്‍ എത്തിയ ശേഷം ഭര്‍ത്താവിനൊപ്പം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കി.

തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 12 മണിക്കൂറിനുള്ളില്‍ വാമനപുരം സ്വദേശിയായ പ്രതി റിജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

Back to top button
error: