IndiaNEWS

സിദ്ദു മൂസേവാല വധം: പ്രതികളായ രണ്ട് അധോലോക സംഘാംഗങ്ങള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അമൃത്സര്‍: ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസിലെ രണ്ടു പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അധോലോക സംഘാംഗങ്ങളായ ജഗ്രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റു. മൂസേവാലയ്ക്കു നേരെ വെടിയുതിര്‍ത്തവരില്‍ ഒരാളാണ് കൊല്ലപ്പെട്ട മന്‍പ്രീത് സിങ് എന്നാണ് പോലീസ് പറയുന്നത്.

അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രതികളെ പിടികൂടാന്‍ ഗ്രാമത്തിലെത്തിയ പഞ്ചാബ് പോലീസിന്റെ പ്രത്യേക കര്‍മസേനയ്ക്കുനേരേ ഒളിച്ചിരുന്ന പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

പാക് അതിര്‍ത്തിയുമായി ചേര്‍ന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.
ജഗ്രൂപ് സിങ് ആണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിനുശേഷം ഒരു മണിക്കൂറോളം മന്‍പ്രീത് സിങ് പോലീസിന് നേരെ വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. നാല് മണിയോടെയാണ് ഇയാളും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ചാനല്‍ ക്യാമറാമാനും കാലില്‍ വെടിയേറ്റു.

ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല 2022 മേയ് 29ന് ആണ് കൊല്ലപ്പെട്ടത്. അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മൂസേവാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

 

ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ദുവിന്റെ കൊലപാതകത്തിനു പിന്നിലെന്നും ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

Back to top button
error: