ഗുരുധര്‍മ്മ പ്രചരണ സഭാ വാര്‍ഷിക സമ്മേളനം ശിവഗിരിയിൽ നടന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ജാതിമത വര്‍ഗഭേദം നോക്കാതെ ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള അവസരം നല്‍കണമെന്നും ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനെപ്പോലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭാ വാര്‍ഷിക സമ്മേളനം ദേവസ്വം ബോര്‍ഡ്കളോടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യവിപണനം ഒഴിവാക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കെ മദ്യ വിതരണം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നതില്‍ സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഈ നീക്കം അവസാനിപ്പിക്കണമെന്നും ഒപ്പം തെരുവോരങ്ങളില്‍ മദ്യ, മത്സ്യ മാംസ വിതരണം ഒഴിവാക്കണമെന്നും എം.ജി യൂണിവേഴ്സിറ്റി ഉള്‍പ്പെടെ എല്ലാ യൂണിവേഴ്സിറ്റികളിലേയും ശ്രീനാരായണ ചെയറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സെക്രട്ടറി സ്വാമി ഗുരുപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ, സഭാ വൈസ് പ്രസിഡന്‍റ് കെ. കെ. കൃഷ്ണാനന്ദ ബാബു, ഉപദേശക സമിതി ചെയര്‍മാന്‍ കുറിച്ചി സദന്‍, രജിസ്ട്രാര്‍ റ്റി. വി. രാജേന്ദ്രന്‍ ശ്രീനാരായണ ശ്രീനാരായണ കോണ്‍ഫഡറേഷന്‍ മുന്‍ ചെയര്‍മാന്‍ അഡ്വ. വി. കെ. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.