പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക.
ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും.
ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെന്റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്റെ അവതരണം.