KeralaNEWS

കർഷകരുമായി സംവദിക്കാൻ കൃഷി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലെത്തും: കൃഷി മന്ത്രി പി.പ്രസാദ്

മന്ത്രി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇനിമുതൽ കൃത്യമായ ഇടവേളകളിൽ നേരിട്ട് കർഷകരുമായി സംവദിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതായിരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിമന്ത്രി, കാർഷികോൽപാദന കമ്മീഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ എന്നിവർ രണ്ട് മാസത്തിലൊരിക്കലും അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർ മാസത്തിലൊരിക്കലും , ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ആഴ്ചയിലൊരിക്കലും ഇത്തരം സന്ദർശന പരിപാടി നടത്തും. നടപ്പ് വർഷത്തെ കാർഷിക വികസനങ്ങൾക്കായുള്ള ധനാഭ്യർത്ഥന നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കാർഷിക മേഖലയിലടിസ്ഥാനമാക്കിയ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും. ഭക്ഷ്യസ്വയം പര്യാപ്തത, ഭക്ഷ്യ സുരക്ഷ, കർഷകരുടെ വരുമാന വർദ്ധനവ്, കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ, എന്നിവ ഉറപ്പാക്കുമെന്നും പാരിസ്ഥിതിക മേഖല ആധാരമാക്കി നൂതന കൃഷി രീതികളും ആധുനിക സാങ്കേതിക വിദ്യകളും പാരമ്പര്യ കൃഷിവിജ്ഞാനവും സംയോജിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതികൾ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി ലഭ്യമാകുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഫലപ്രദമായി സംയോജിപ്പിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും കാർഷിക സേവനങ്ങളും ത്വരിതപ്പെടുത്തുമെന്നും ഇതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കി സുസ്ഥിരവും കാലാവസ്ഥ അനുപൂരകവുമായ കാർഷിക മേഖല സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷികമേഖലയിൽ വിഷൻ 2026 നു രൂപം നൽകിയിട്ടുണ്ടെന്നും ഇതു രാജ്യത്തിനുതന്നെ മാതൃകയാണെന്നും കൃഷിമന്ത്രി സൂചിപ്പിച്ചു.

Back to top button
error: