ഛണ്ഡീഗഡ് : ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് പിഴയ്ക്കൊപ്പം ശിക്ഷയായി രക്തദാനവും. പഞ്ചാബിലാണ് ഇത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ ശിക്ഷാനടപടികളില്‍ രക്തദാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പിഴയ്ക്കൊപ്പം സാമൂഹികസേവനം കൂടി നിര്‍ബന്ധമായും ചെയ്യേണ്ട നിയമലംഘനങ്ങളുണ്ട്. ഇതില്‍ തന്നെ രക്തദാനം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ്. രോഗികള്‍ക്ക് ഗുണകരമാകുന്ന തീരുമാനമായതിനാല്‍ തന്നെ ഇതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ല.
അമിതവേഗത, മദ്യപിച്ച് വാഹമോടിക്കല്‍ എന്നീ തെറ്റുകള്‍ക്കുള്ള ശിക്ഷാനടപടികള്‍ക്കൊപ്പമാണ് രക്തദാനവും വരുന്നത്. അമിതവേഗതയ്ക്ക് ആദ്യമായി പിടക്കപ്പെടുമ്പോള്‍ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഷനുമാണ് നല്‍കുക. ഇതുതന്നെ ഒന്നിലധികം തവണയാകുമ്പോള്‍ രണ്ടായിരം രൂപയായിരിക്കും പിഴ. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആദ്യതവണ 5000 രൂപയാണ് പിഴ. തുടര്‍ന്നുള്ള തവണകളില്‍ 10,000 രൂപയായിരിക്കും പിഴ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും.
നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ വിഷയത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ബോധവത്കരണ ക്ലാസുകളില്‍ പങ്കാളികളാവുകയും വേണം. രക്തദാനം ഏത് രീതിയിലാണെങ്കിലും മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ നടത്തൂ. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് രോഗങ്ങള്‍ എല്ലാം പരിശോധിച്ച ശേഷം മാത്രമേ രക്തം എടുത്ത് ബാങ്കില്‍ സൂക്ഷിക്കൂ.